സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷ സജ്ജീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി.
സെപ്റ്റംബർ 2, 3, 4 തീയതികളിൽ പരീക്ഷ കണക്കിലെടുത്ത് സ്കൂളുകളും ക്ലാസ് മുറികളും ശുചീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അണു നശീകരണപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും.
ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനായും സ്കൂൾ പ്രിൻസിപ്പൽ കൺവീനറായതുമായ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.
ആർഡിഡിമാരും എഡിമാരും നേതൃത്വം വഹിക്കുന്ന സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചുചേർത്ത് സജ്ജീകരണങ്ങൾ വിലയിരുത്തും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തെർമൽ സ്കാനറും സാനിറ്റൈസറും പരീക്ഷാകേന്ദ്രങ്ങളിൽ നിർബന്ധമാക്കും. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്നും നിർദേശമുണ്ട്.
Story Highlights: Education Minister V Sivankutti about plus one exams.