മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ മൊഴി നൽകി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും എല്ലാ സാമ്പത്തിക ഇടപാടുകൾക്കും കൃത്യമായ രേഖകൾ ഉണ്ടെന്നും അദ്ദേഹം ഇഡിയോട് വ്യക്തമാക്കി.
ജൂൺ 11-നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവ് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയെന്നും സിനിമയുടെ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുമായിരുന്നു സിറാജിന്റെ പരാതി.
എന്നാൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്ന് നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ നൽകിയതായും അവർ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസും നിലവിലുണ്ട്.