കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണൻ സ്ക്രീൻഷോട്ട് നിർമ്മിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു വ്യക്തമാക്കി. വടകരയിലെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷൈജു. റിബേഷ് രാമകൃഷ്ണനും വേദിയിൽ ഉണ്ടായിരുന്നു. സ്ക്രീൻഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തു എന്ന് അംഗീകരിക്കുന്നുവെന്നും, ഉത്തരവാദിത്തപ്പെട്ട പ്രവർത്തകൻ എന്ന നിലയിൽ ഫോർവേഡ് ചെയ്തതാണെന്നും ഷൈജു വിശദീകരിച്ചു.
യുഡിഎഫ് അത് തെറ്റായി വ്യാഖ്യാനിച്ചെന്നും റിബേഷ് നിർമിച്ചു എന്ന് പ്രചരിപ്പിച്ചുവെന്നും ഷൈജു കുറ്റപ്പെടുത്തി. ആര് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും വേണമെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കമെന്നും അദ്ദേഹം പറഞ്ഞു. റിബേഷ് ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്ന് തെളിയിക്കട്ടെയെന്ന് പിസി ഷൈജു വെല്ലുവിളിച്ചു.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും, കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്ഐ പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: DYFI defends Ribesh Ramakrishnan in Kafir screenshot controversy, claims he only forwarded it