കൊല്ലത്തും വടകരയിലുമായി വൻ മയക്കുമരുന്ന് വേട്ട. കൊല്ലത്ത് 90 ഗ്രാം എംഡിഎംഎയുമായി യുവതിയും വടകരയിൽ എട്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമാണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനായിരുന്നു യുവതിയുടെ ശ്രമം. ബംഗ്ലൂരു-കൊച്ചി-കൊല്ലം മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണ് പിടിയിലായ അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രൻ.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ നീണ്ടകര പാലത്തിനു സമീപം വെച്ചാണ് അനിലയെ പിടികൂടിയത്. പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയെങ്കിലും ആലത്തറമൂട് ശക്തികുളങ്ങര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പോലീസ് വാഹനം തടയുകയായിരുന്നു.
കാറിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ അനിലയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.5 ഗ്രാം കൂടി കണ്ടെത്തി. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.
വടകര റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ആർ പി എഫും പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Police seized 90 grams of MDMA in Kollam and 8 kg of cannabis in Vadakara.