മണിപ്പൂർ യുദ്ധക്കളമായി മാറിയിരിക്കുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ബോംബുകളും റോക്കറ്റുകളും വർഷിക്കുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നു. രാത്രികാലങ്ങളിൽ വീടുകളിൽ വിളക്കുകൾ കെടുത്തി ഭീതിയോടെ കഴിയുന്ന അവസ്ഥയിലാണ് ജനങ്ങൾ. ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തിൽ 70 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു.
ബിഷ്ണുപൂർ ജില്ലയിലെ മലയോര മേഖലയിലാണ് ഏറ്റവും ഒടുവിൽ റോക്കറ്റ് ആക്രമണം നടന്നത്. ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ഉപയോഗിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഈ സംഭവങ്ങളെ തുടർന്ന് ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും സൈനിക കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ ഇരച്ചെത്തി ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ ഒന്നിന് ഇംഫാൽ വെസ്റ്റിലെ കൂത്രൂക് ഗ്രാമത്തിലാണ് ആദ്യ ഡ്രോൺ ആക്രമണം നടന്നത്. അന്ന് രണ്ടുപേർ കൊല്ലപ്പെടുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് സെഞ്ചം, ചിരാങ് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം ആക്രമണങ്ങൾ നടന്നു. ചുരാചന്ദ്പൂരിലെ കുകി-സോമി ഭൂരിപക്ഷ മേഖലയിൽ നിന്ന് താഴ്വാരത്തിലേക്കാണ് പലപ്പോഴും ആക്രമണം നടക്കുന്നത്. സംഘർഷ ബാധിത മേഖലകളിൽ രാത്രികാലങ്ങളിൽ വെടിവെപ്പും ആക്രമണങ്ങളും തുടരുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.
Story Highlights: Drone attacks and rocket strikes escalate violence in Manipur