ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ശാസ്ത്രപുരസ്കാരമായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം മലയാളി ഡോക്ടർ ജീമോൻ പന്ന്യംമാക്കലിന് ലഭിച്ചു. കേരളത്തിന് വൈദ്യശാസ്ത്രരംഗത്ത് ആദ്യമായാണ് ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിക്കുന്നത്.
ശാസ്ത്രരംഗത്ത് കഴിവുതെളിയിച്ച 45 വയസ്സിൽ താഴെയുള്ള 11 പേരാണ് പുരസ്കാരത്തിന് അർഹരായത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും സർക്കാർ സർവീസിലുള്ളവർക്ക് സേവനകാലയളവിലുടനീളം മാസം 15,000 രൂപയുടെ ശമ്പളവർധനയുമാണ് പുരസ്കാരം.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസിൽ എപ്പിഡെമിയോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജീമോൻ.
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി.എസ്.ഐ.ആർ.) 80-ാം സ്ഥാപകദിനമായ ഞായറാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഡോ. അമിത് സിങ്, ഡോ. അരുൺകുമാർ ശുക്ല (ബയോളജിക്കൽ സയൻസ്), ഡോ. കനിഷ്ക ബിശ്വാസ്, ഡോ. ടി. ഗോവിന്ദരാജു (കെമിക്കൽ സയൻസ്), ഡോ. ബിനോയ് കുമാർ സൈക്കിയ (എർത്ത്, അറ്റ്മോസ്ഫിയർ, ഓഷൻ ആൻഡ് പ്ലാനറ്ററി സയൻസ്), ഡോ. ദേപ്ദീത് മുഖോപാധ്യായ (എൻജിനിയറിങ്), ഡോ. അനീഷ് ഘോഷ്, ഡോ. സാകേത് സൗരഭ് (ഗണിതം), ഡോ. രോഹിത് ശ്രീവാസ്തവ (വൈദ്യശാസ്ത്രം), ഡോ. കനക് സാഹ (ഫിസിക്കൽ സയൻസ്) എന്നിവരും പുരസ്കാരത്തിനർഹരായി.
Story highlight : Dr Jeemon got Shantiswaroop Bhatnagar science award.