വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതൽ ആഗസ്റ്റ് 8 വരെ എണ്പത്തിഒമ്പത് കോടി അന്പത്തിഒമ്പത് ലക്ഷം രൂപ ലഭിച്ചു. പോർട്ടലിലൂടെയും യുപിഐ വഴിയുമാണ് ഈ തുക ലഭിച്ചത്. സിഎംഡിആർഎഫ് വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2018 ആഗസ്റ്റ് മുതൽ ലഭിച്ച തുകയും ജൂലൈ 30-ലെ തുകയും ഓരോ ദിവസവും ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്, ഡ്രാഫ്റ്റ്, നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും സംഭാവന നൽകി. കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തികളും സംഘടനകളും തുക കൈമാറി.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി 30,000 രൂപയും, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു 35,000 രൂപയും, മന്ത്രി ഡോ. ആർ. ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപയും, മന്ത്രി പി. രാജീവ് പുരസ്കാരമായി ലഭിച്ച 22,222 രൂപയും സംഭാവന ചെയ്തു.
ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപയും, കണ്ണൂർ ജില്ലാ പഞ്ചായത്ത്, കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവ ഓരോ കോടി രൂപ വീതവും സംഭാവന നൽകി.
എൻസിപി സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപയും സംഭാവന ചെയ്തു. കലൂർ മേരിലാൻഡ് പബ്ലിക് സ്കൂൾ വിദ്യാർഥിനി നിസാരിക അമൽജിൻ കൊലുസ് വാങ്ങാൻ ശേഖരിച്ച 2,513 രൂപ സംഭാവന നൽകി.
Story Highlights: Kerala’s Chief Minister’s Distress Relief Fund receives over Rs 89 crore in donations for Wayanad landslide victims.
Image Credit: twentyfournews