വയനാട്ടിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ

Anjana

Wayanad rescue workers food distribution

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന വ്യാജ പ്രചരണത്തെ ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ നിഷേധിച്ചു. ഓരോ ദിവസവും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ, സന്നദ്ധ പ്രവർത്തകർക്കോ പുറത്തുള്ളവർക്കോ നേരിട്ട് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യാൻ അനുവാദമില്ലെന്നും കലക്ടർ അറിയിച്ചു.

കളക്ഷൻ പോയിൻറിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയതും ഗുണമേൻമയില്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാനാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. 3600 പേർക്കുള്ള പ്രഭാത ഭക്ഷണവും 5500 പേർക്കുള്ള ഉച്ചഭക്ഷണവും എത്തിച്ചതായി കലക്ടർ വ്യക്തമാക്കി. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിരുന്നു. മേപ്പാടി പോളിടെക്‌നിക് കോളേജിൽ സജ്ജീകരിച്ച പൊതു അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകൾ കളക്ഷൻ പോയിൻറുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: District collector refutes false propaganda about rescue workers not receiving food in Wayanad

Image Credit: twentyfournews