സിനിമാ ലോകത്തെ ഞെട്ടിച്ച കഞ്ചാവ് കേസില് സംവിധായകര്ക്കെതിരെ കര്ശന നടപടിയുമായി ഡയറക്ടേഴ്സ് യൂണിയന്. സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെന്ഡ് ചെയ്യാന് ഫെഫ്ക നിര്ദേശം നല്കി. ഈ നടപടിക്ക് നിര്മാതാക്കളുടെ സംഘടനയും പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില് വിട്ടുവീഴ്ചയില്ലെന്നും വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നും അവര് വ്യക്തമാക്കി.
സിനിമാ സെറ്റുകളില് ലഹരി ഉപയോഗം കണ്ടെത്തിയാല് എക്സൈസിന് വിവരം കൈമാറുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില് വ്യക്തമാക്കി. ഫെഫ്കയുടെ നടപടിയെ പിന്തുണയ്ക്കുന്നതായും എന്ത് നടപടിയും സ്വീകരിക്കാന് ഒപ്പമുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു. സെറ്റുകളിലെ ലഹരി പരിശോധനയ്ക്ക് ഫെഫ്കയുടെ പൂര്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്വ ഗ്രാന്റ് ബെയില് പരിശോധന നടത്തിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് ടി എം മജു പറഞ്ഞു. നടപടിയില് വലിപ്പച്ചെറുപ്പമില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും സിബി മലയില് ട്വന്റിഫോറിനോട് പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് ടി എം മജു വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവരല്ലെന്നും സിനിമ ലൊക്കേഷനില് പരിശോധന നടത്തുന്നതില് വെല്ലുവിളികളില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീര് താഹീറിനെ ഉടന് വിളിപ്പിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിചേര്ക്കുന്ന കാര്യത്തില് ചോദ്യം ചെയ്തതിന് ശേഷം തീരുമാനമെടുക്കും. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കര്ശന ജാഗ്രത പുലര്ത്തുന്നുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി.
Story Highlights: Directors Khalid Rahman and Ashraf Hamza suspended by FEFKA following a drug bust.