**കൊച്ചി◾:** നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിന്റെ വിചാരണയ്ക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സിബിഐ അന്വേഷണത്തിന് വേണ്ടി ദിലീപ് കഴിഞ്ഞ ആറ് വർഷമായി ശ്രമിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ദിലീപിന്റെ വാദം. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ദിലീപിന്റെ അപ്പീൽ പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് തള്ളിയ വിധിക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് അന്തിമ വാദം കേൾക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
Story Highlights: The Kerala High Court will reconsider actor Dileep’s appeal for a CBI investigation into the actress attack case.