നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദം മദ്രാസ് ഹൈക്കോടതിയിലെത്തി. നടൻ ധനുഷ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ കേസ് ഫയൽ ചെയ്തു. പകർപ്പവകാശ ലംഘനമാണ് ആരോപണം. ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ രംഗങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാണ് ധനുഷിന്റെ പരാതി. റൗഡി പിക്ചേഴ്സിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
നയൻതാരയുടെ ജന്മദിനമായ നവംബർ 18-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയുടെ അണിയറ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. സെറ്റിൽ വിഘ്നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഇതിനു മുമ്പ് ധനുഷ് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
നവംബർ 16-ന് നയൻതാര പരസ്യമായി രംഗത്തെത്തി. സിനിമയിലെ പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാൻ ധനുഷ് അനുമതി നൽകിയില്ലെന്ന് നയൻതാര ആരോപിച്ചു. മൂന്നു സെക്കൻഡ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് കോടതിയെ സമീപിച്ചതായും നയൻതാര വെളിപ്പെടുത്തിയിരുന്നു.
Story Highlights: Dhanush files case against Nayanthara over Netflix documentary copyright infringement