അമേരിക്കൻ സിനിമാ നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് 82.7 ബില്യൺ ഡോളറിന് നെറ്റ്ഫ്ലിക്സ് ധാരണാപത്രം ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാർണർ ബ്രോസ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിംഗ് യൂണിറ്റും നെറ്റ്ഫ്ലിക്സ് സ്വന്തമാക്കും.
ഏകദേശം ആഴ്ചകളോളം നീണ്ട ലേലത്തിനു ഒടുവിലാണ് നെറ്റ്ഫ്ലിക്സ് ഈ കരാർ ഉറപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് സിനിമ, ടെലിവിഷൻ സ്റ്റുഡിയോകൾ, എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങിയ ചാനലുകൾ എന്നിവ വിൽക്കാൻ വാർണർ ബ്രദേഴ്സ് ഡിസ്കവറി തീരുമാനിച്ചതെന്നാണ് വിവരം. കരാർ പ്രകാരം പണവും ഓഹരിയും ചേർന്നുള്ള കൈമാറ്റമാണ് നടക്കുക.
ഓരോ ഓഹരിക്കും ഏകദേശം 28 ഡോളർ എന്ന നിരക്കിലാണ് വാർണർ ബ്രോസ് ഡിസ്കവറിയുടെ ഓഹരികൾക്കായി നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തത്. അതേസമയം കേബിൾ ടിവി ആസ്തികൾ സ്പിൻഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പാരാമൗണ്ട് സ്കൈഡാൻസിന്റെ ഏകദേശം 24 ഡോളറിന്റെ ബിഡിനെ മറികടന്നാണ് നെറ്റ്ഫ്ലിക്സിന്റെ ഈ നേട്ടം.
നെറ്റ്ഫ്ലിക്സ് നൽകിയ ഈ തുക കമ്പനിയുടെ മൊത്തം ഉടമസ്ഥാവകാശത്തിനുള്ളതാണ്. അടുത്ത വർഷം പകുതിയോടെ ഈ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
വാർണർ ബ്രദേഴ്സ് സ്വന്തമാക്കുന്നതോടെ നിരവധി സിനിമകളും സീരീസുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ പ്രശസ്ത സീരീസുകളും ദി വിസാർഡ് ഓഫ് ഒസി പോലുള്ള സിനിമകളും ഇനി നെറ്റ്ഫ്ലിക്സിലൂടെ കാണാനാകും.
വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിംഗ് യൂണിറ്റുകളും സ്വന്തമാക്കുന്നതിലൂടെ നെറ്റ്ഫ്ലിക്സ് വിനോദ വ്യവസായത്തിൽ കൂടുതൽ ശക്തരാകും. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Story Highlights: Netflix is set to acquire Warner Bros for $82.7 billion, gaining control of its studios and streaming units.



















