ലൈംഗിക പീഡന പരാതിയില് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. കോടതി ഉത്തരവിന്റെ വിശദാംശങ്ങള് പുറത്തുവന്നിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയില് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചനയില്ലെന്ന് ഉത്തരവില് പറയുന്നു.
പൊലീസിന് നല്കിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് നല്കിയ മൊഴിയില് 2009ല് ലൈംഗിക പീഡനത്തിന് ഇരയായതായി പറഞ്ഞപ്പോള്, ദൃശ്യമാധ്യമത്തിലെ അഭിമുഖത്തില് സംഭവം 2013ല് നടന്നതായി ആവര്ത്തിച്ചു. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരി നിയമബിരുദധാരിയാണെന്നും എങ്ങനെ മൊഴി നല്കണമെന്ന് അവര്ക്ക് അറിയാമെന്നും ഉത്തരവില് പരാമര്ശിച്ചു. ജസ്റ്റിസ് ഹണി എം വര്ഗീസിന്റെ ബെഞ്ചാണ് മുന്കൂര് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നിരസിച്ചു.
കൊച്ചിയിലെ നടിയുടെ പരാതിയില് നാല് സിനിമാ താരങ്ങള് ഉള്പ്പെടെ ഏഴ് പേര്ക്കെതിരെയാണ് കേസെടുത്തത്. വിവിധയിടങ്ങളില് വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില് പറയുന്നത്.
Story Highlights: Court grants anticipatory bail to Mukesh and Edavela Babu in sexual assault case, citing inconsistencies in complainant’s statements