അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ രണ്ടാമത്തെ സൈനിക വിമാനം 117 പേരുമായി ഇന്നലെ അമൃത്സറിൽ എത്തിച്ചേർന്നു. ഈ കുടിയേറ്റക്കാരിൽ പുരുഷന്മാരെ കൈവിലങ്ങിട്ടാണ് കൊണ്ടുവന്നതെന്ന വാർത്ത ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 157 അനധികൃത കുടിയേറ്റക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഇന്ന് രാത്രിയോടെ അമൃത്സറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് തുടരുന്നത് ശ്രദ്ധേയമാണ്. തിരിച്ചെത്തിയ 117 കുടിയേറ്റക്കാരിൽ 65 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നും എട്ട് പേർ ഗുജറാത്തിൽ നിന്നും മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും രണ്ട് പേർ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഒരോ ആളുകൾ ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. സംഘത്തിൽ അഞ്ച് പേർ സ്ത്രീകളാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. അമൃത്സർ വിമാനത്താവളത്തിൽ കുടിയേറ്റക്കാരെ ഇറക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന നടപടിയെന്നും ഗൂഢാലോചനയുടെ ഭാഗമെന്നുമാണ് മുഖ്യമന്ത്രി നീക്കത്തെ വിശേഷിപ്പിച്ചത്. വിമാനമിറക്കാൻ അമൃത്സർ തെരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിലെത്തിയത്.
104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് അമൃത്സറിൽ എത്തിയത്. ആ വിമാനത്തിൽ 157 യാത്രക്കാർ ഉണ്ടായിരുന്നു. യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് എത്തുമെന്നാണ് വിവരം. ഈ വിമാനത്തിൽ 157 പേരെയാണ് തിരിച്ചയക്കുന്നത്. ഭൂരിഭാഗവും ഹരിയാനയിൽ നിന്നുള്ളവർ എന്നാണ് വിവരം.
Story Highlights: 117 Indian deportees arrive in Amritsar from the US on a military flight, with men reportedly shackled.