ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ ഡൽഹി പോലീസ് പരിശോധന നടത്തി സീൽ ചെയ്തു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടി. ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ മഹസർ തയ്യാറാക്കാത്തതടക്കമുള്ള നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പണം കണ്ടെത്തിയ മുറി സീൽ ചെയ്ത പോലീസ് വസതിയിലെ സുരക്ഷക്കായി കൂടുതൽ പോലീസുകാരെയും വിന്യസിച്ചു. അടുത്ത രണ്ട് ദിവസം ഡൽഹിയിൽ തങ്ങി അന്വേഷണ സമിതി മൊഴിയെടുക്കും.
ജഡ്ജിയുടെ ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നതിനായി പോലീസിന്റെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. സംഭവം നടന്ന രാത്രി 11. 30ന് പണം കണ്ടെത്തിയെങ്കിലും രാവിലെ 8 മണിക്ക് മോർണിംഗ് ഡയറി സമർപ്പിച്ചപ്പോഴാണ് പോലീസ് ആസ്ഥാനത്ത് വിവരം ലഭിച്ചതെന്ന് കമ്മീഷണർ അന്വേഷണ സമിതിയെ അറിയിച്ചു.
തീയണച്ച ഉടൻ യശ്വന്ത് വർമ്മയുടെ പിഎ എല്ലാവരോടും പോകാൻ ആവശ്യപ്പെട്ടെന്നും രാവിലെ വീണ്ടും എത്തിയപ്പോൾ മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു. പണം കണ്ടെത്തിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. യശ്വന്ത് വർമ്മയുടെ സ്ഥലംമാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധം തുടരുകയാണ്.
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിയുടെ വസതിയിൽ പോലീസ് പരിശോധന നടത്തിയത്.
Story Highlights: Delhi Police sealed Justice Yashwant Varma’s residence after an internal inquiry revealed procedural lapses in handling a case involving recovered money.