സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി ഡൽഹി ഹൈക്കോടതി. സ്മാർട്ട്ഫോണുകൾ പൂർണമായി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് മുറികളിലും സ്കൂൾ വാഹനങ്ങളിലും പൊതു ഇടങ്ങളിലും ഫോൺ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.
സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും കോടതി നിർദേശിച്ചു. മാതാപിതാക്കളുമായുള്ള ആശയവിനിമയത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്മാർട്ട്ഫോണുകൾ സഹായകമാകുമെന്ന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി പറഞ്ഞു. വിനോദത്തിനു പകരം ആശയവിനിമയത്തിനും സുരക്ഷയ്ക്കും വേണ്ടി മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
2023-ൽ ഡൽഹിയിലെ സ്കൂളുകളിൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന ഡി.ഒ.ഇ ഉത്തരവിനെതിരെയാണ് കോടതിയുടെ നിർദേശം. സ്കൂളുകളിൽ ഫോണുകൾ നിക്ഷേപിക്കുന്നതിന് സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞു. സ്ക്രീൻ ടൈം, സൈബർ ക്രൈം, സൈബർ ബുള്ളിയിങ് തുടങ്ങിയ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകണമെന്നും കോടതി നിർദേശിച്ചു.
സ്മാർട്ട്ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ഫോണുകളുടെ ദുരുപയോഗം തടയുന്നതിനുള്ള നിർദേശങ്ങളാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോകുന്നത് വിലക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Story Highlights: Delhi High Court issues guidelines for smartphone use in schools, balancing technology’s benefits and risks.