തിരുവനന്തപുരം◾: തിരുവനന്തപുരം നിവാസികൾക്ക് ഈ ഭരണത്തിൽ മതിയായി എന്നും അവർ ഇടത് പക്ഷത്തിന് മാപ്പ് നൽകില്ലെന്നും എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അഭിപ്രായപ്പെട്ടു. ഈ സർക്കാർ ഭരണത്തിൽ ജനങ്ങൾക്ക് എവിടെയും നീതി ലഭിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ നദികളെല്ലാം മലിനമായിരിക്കുകയാണ്. മാലിന്യ സംസ്കരണത്തിന് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഒരു സ്മാർട്ട് സിറ്റിയാക്കി മാറ്റാൻ യുവനിരയുമായി കോൺഗ്രസ് മുന്നോട്ട് വന്നിരിക്കുകയാണെന്നും ദീപാ ദാസ് മുൻഷി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഈ പോരാട്ടത്തിന് പൂർണ്ണമായി തയ്യാററെടുത്ത് കഴിഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഭരണമാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ബിജെപി കൗൺസിലർ അനിൽ കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് കാരണം സ്വന്തം പാർട്ടിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥിയില്ലാത്ത ബിജെപിയുടെ ഹൈടെക് പ്രചരണം കൊണ്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച റോഡുകൾ മിനുക്കി ഇപ്പോൾ വീണ്ടും ഉദ്ഘാടനം ചെയ്യുകയാണ് ചെയ്യുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് പോലും കുടിവെള്ളം ലഭ്യമല്ല എന്നിട്ടും വികസനത്തിന്റെ പൂക്കാലമെന്നാണ് അവർ പറയുന്നത്. മലിനീകരിക്കപ്പെട്ട തോടുകളും കിണറുകളുമാണ് ഈ നാടിന്റെ ശാപം. മെഡിക്കൽ കോളേജിലേക്ക് രോഗികൾ മൂക്കിൽ പഞ്ഞി വെച്ച് പോകേണ്ട അവസ്ഥയാണുള്ളത് എന്നാൽ ആരോഗ്യ സമ്പൂർണ്ണ കേരളമെന്നാണ് അവർ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
വി.എസ്. ശിവകുമാറിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കെയാണ് ഹൈക്കമാൻഡ് ഇടപെട്ട് യുവനേതൃത്വത്തിന് ചുമതല നൽകിയത്. അതിന്റെ ഭാഗമായി ശബരിനാഥനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മണക്കാട് സുരേഷിന്റെ രാജി ഒരു നാടകമാണെന്നും മുരളീധരൻ പരിഹസിച്ചു.
മണ്ഡലം കോർകമ്മിറ്റിയുടെ ചുമതല വഹിക്കാൻ എനിക്ക് ഇപ്പോൾ സാധിക്കുകയില്ല കാരണം അത്രയധികം തിരക്കുണ്ട്. നേമം ഷജീർ പാർട്ടിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയാണ്. അദ്ദേഹം ബിജെപിക്കാരുടെ വരെ മർദ്ദനമേറ്റ ആളാണ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിക്ക് ഒരുപാട് ജോലികൾ ഉള്ളതുകൊണ്ടാണ് അദ്ദേഹം രാജി വെച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാർട്ടി സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ വളരെ ശക്തമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Deepa das munshi against cpim trivandrum



















