പാലോളി മുഹമ്മദ്കുട്ടിക്ക് ദമ്മാം നവോദയയുടെ സമഗ്രസംഭാവന അവാർഡ് ലഭിക്കുന്നു. തദ്ദേശസ്വയംഭരണ മേഖലയിലെ സംഭാവനകൾക്കാണ് ഈ അംഗീകാരം. അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥമുള്ള ഈ വർഷത്തെ രണ്ടാമത് അവാർഡ് ഓഗസ്റ്റ് 4 ന് പൊന്നാനിയിൽ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിതരണം ചെയ്യും. കുറുമാത്തൂർ, കിനാളൂർ കരിന്തലം, പൊന്നാനി1 എന്നീ മൂന്നു കുടുംബശ്രീ സിഡിഎസുകൾക്കും മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം നൽകും.
കേരള രാഷ്ട്രീയത്തിൽ ‘പാലോളി’ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന പാലോളി മുഹമ്മദ്കുട്ടി, കേരള മോഡൽ എന്നറിയപ്പെടുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളുടെ മുഖ്യ ശില്പിയാണ്. 1931-ൽ മലപ്പുറത്തിനടുത്ത് ജനിച്ച അദ്ദേഹം, 1965 മുതൽ പല തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996-2001, 2006-2011 കാലഘട്ടങ്ങളിൽ മന്ത്രിസഭയിൽ അംഗമായിരുന്നു, പ്രധാനമായും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല വഹിച്ചു.
അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും കേരളത്തിൽ നടപ്പിലാക്കിയത് പാലോളിയുടെ നേതൃത്വത്തിലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കി ശക്തിപ്പെടുത്തിയതും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒത്തുചേർന്നുള്ള ആസൂത്രണ പ്രക്രിയ നടപ്പിലാക്കിയതും വിപ്ലവകരമായ മാറ്റമായിരുന്നു. കുടുംബശ്രീയുടെ തുടക്കത്തിനും, സ്ത്രീകൾക്കുള്ള സംവരണം 33 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി ഉയർത്തിയതിനും പാലോളി നേതൃത്വം നൽകി. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥ പഠിച്ച ‘പാലോളി കമീഷൻ’ ഈ സമുദായത്തിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ചു.