തിരുവനന്തപുരം: വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്. അര്ദ്ധരാത്രിയോടെ മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ് നാശം വിതച്ചത്. വള്ളങ്ങളും വലകളും എന്ജിനുകളും മണ്ണിനിടയിലായി. തീരത്തോട് ചേര്ന്ന് കടലില് കെട്ടിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങള് കരയിലേക്ക് ഇടിച്ച് കയറിയും പരസ്പരം കൂട്ടിയിടിച്ചും തകര്ന്നു. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസവും കേരള തീരത്ത് മത്സ്യബന്ധന ത്തിന് പോകുന്നതിന് അധികൃതര് വിലക്കേര്പ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില് നാശം വിതച്ച് കടന്നു പോയ ചുഴലിക്കാറ്റ് ബംഗാള് ഉള്ക്കടലില് അതിതീവ്ര ന്യൂനമര്ദ്ദമായി മാറിയതിനെ തുടര്ന്നാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ കടലില്നിന്ന് മടങ്ങി എത്തിയ മത്സ്യത്തൊഴിലാളികള് തുറമുഖത്ത് സുരക്ഷിത സ്ഥാനങ്ങളില് നങ്കൂരമിട്ടു നിര്ത്തിയ വള്ളങ്ങളാണ് തകര്ന്നത്.
ഇതോടെ നാശനഷ്ടങ്ങള് തിട്ടപ്പെടുത്തി വരുന്നതായി അധികൃതര് പറഞ്ഞു. ശനിയാഴ്ച മുതല് തന്നെ ഉള്ക്കടലില് ശക്തമായ കാറ്റ് വീശിയിരുന്നു. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികള് മീന് പിടിത്തമുപേക്ഷിച്ച് തിരിച്ചെത്തിയതിനാല് അപകടമൊഴിവായി.
Story highlight : cyclone attack in vizhinjam.