വയനാട് ജില്ലയിലെ ചൂരൽമലയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Cyber police register case against campaign opposing CM’s Facebook post seeking aid for landslide victims
Image Credit: twentyfournews