മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന വ്യാജേന വിളിച്ച് പരാതിക്കാരന്റെ പേരിൽ മുംബൈയിലുള്ള വിലാസത്തിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാർഡ്, ലാപ്ടോപ്, എം.ഡി.എം.എ, പണം എന്നിവ അയച്ചിട്ടുണ്ടെന്ന് പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചു.
തുടർന്ന് മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തെന്നും പറഞ്ഞ് പരാതിക്കാരനെ വീണ്ടും വിശ്വസിപ്പിച്ചു. പരാതിക്കാരന്റെ അക്കൗണ്ട് കോടതിയിൽ പരിശോധിക്കുന്നതിനുള്ള തുകയായി അഞ്ച് ലക്ഷത്തോളം രൂപ നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനായി 1930 എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു.
കൊച്ചി സിറ്റി സൈബർ പൊലീസിന് കൈമാറിയ കേസിൽ ട്രാൻസാക്ഷനുകളുടെയും ഫോൺ നമ്പറുകളുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യയുടെയും സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കറിന്റെയും നിർദ്ദേശാനുസരണം സിറ്റി ഡിസിപി കെ.എസ്. സുദർശന്റെയും അസി. കമ്മീഷണർ എം.കെ. മുരളിയുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാക്കനാട് റിട്ടയേഡ് പ്രൊഫസറിൽ നിന്ന് 4 കോടി രൂപ തട്ടിയ കേസിൽ നേരത്തെ രണ്ട് യുവാക്കളെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: Kochi City Cyber Police arrest man for defrauding Ernakulam resident of Rs 5 lakh through digital arrest scam.