പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിന്റെ കടവന്ത്രയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ പണത്തിന്റെ ഉറവിടവും ഉന്നത ബന്ധങ്ങളും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നടപടി.
അനന്തുകൃഷ്ണനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കടവന്ത്രയിലെ ഓഫീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. വാറണ്ടുമായാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഇതിനെ തുടർന്ന് ഇ ഡി പിൻവാങ്ങി.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്\u200dറെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്\u200dറെ വാദം ക്രൈംബ്രാഞ്ച് തള്ളുന്നു.
ദേശിയ എൻജിയോ കോൺഫെഡറേഷന്\u200dറെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് ആരോപണം. ആനന്ദ കുമാ\u200dർ ഈ കോൺഫെഡറേഷന്റെ ദേശീയ ചെയർമാൻ ആണ്. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
Story Highlights: Crime Branch raids Ananthu Krishnan’s Kochi office in connection with a half-price scam.