പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള മുൻ എംപി ബൻസഗോപാൽ ചൗധരിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ വാട്സ്ആപ്പിൽ അയച്ചതിനെ തുടർന്നാണ് നടപടി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്ന് പാർട്ടി കമ്മീഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്.
2024 നവംബറിലാണ് പാർട്ടി പ്രവർത്തക പരാതി നൽകിയത്. ഒരു സംഘടനയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചാണ് താൻ ബൻസഗോപാലിനെ ബന്ധപ്പെട്ടതെന്നും എന്നാൽ വിവരങ്ങൾ നൽകുന്നതിന് പകരം അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.
ഫെബ്രുവരിയിൽ ഹൂഗ്ലിയിലെ ദങ്കുനിയിൽ നടന്ന പാർടി സംസ്ഥാന സമ്മേളനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
എത്ര ഉന്നതനായാലും ഇത്തരം പ്രവൃത്തികൾ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നവരെ തൃണമൂലും ബിജെപിയും സ്വീകരിച്ച് നേതാക്കളാക്കുന്നത് ഓർക്കണമെന്നും ഒരു സിപിഎം നേതാവ് പറഞ്ഞു. ബൻസഗോപാൽ ചൗധരി ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Story Highlights: CPM expels former MP Bansagopal Chowdhury for sending obscene WhatsApp messages to a party worker.