സമ്മേളന പ്രതിനിധികൾ കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി. സുരേഷ് കുറുപ്പിന്റേത് ഭാവനാസൃഷ്ടി മാത്രമാണെന്ന് ഡി.കെ മുരളി എംഎൽഎ പ്രതികരിച്ചു. വി എസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആക്ഷേപങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.
ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി ആവശ്യപ്പെട്ടെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. എന്നാൽ, താൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാളാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും ഡി.കെ മുരളി എംഎൽഎ വ്യക്തമാക്കി. ട്വന്റി ഫോറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമ്മേളനത്തിൽ വിഎസിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും സാധാരണമാണ്, എന്നാൽ ഇങ്ങനെയൊരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി വ്യക്തമാക്കി. സുരേഷ് എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ അധിക്ഷേപങ്ങൾ നിറഞ്ഞ ചർച്ചകൾ സമ്മേളനങ്ങളിൽ ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരം വ്യാജ പ്രചരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ചിന്താ ജെറോം ട്വന്റി ഫോറിനോട് പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചിന്താ ജെറോം അഭിപ്രായപ്പെട്ടു. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരത്തിലുള്ള പരാമർശം ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പിരപ്പൻകോട് മുരളിക്ക് പിന്നാലെ സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ് ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ. ഇതിനുശേഷമാണ് വി.എസ്. സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞിരുന്നു.
സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ അനുസരിച്ച്, ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തല കുനിക്കാതെയും ആരെയും നോക്കാതെയും വി.എസ് സമ്മേളനസ്ഥലത്തുനിന്നും വീട്ടിലേക്ക് പോയി. എന്നിരുന്നാലും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ് കുറുപ്പ് തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു. ഒരുകാലത്ത് വിഎസ് പക്ഷത്തിലെ പ്രധാന നേതാവായിരുന്നു സുരേഷ് കുറുപ്പ്.
വി.എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശം ഉയർന്നുവന്നതിനു പിന്നാലെ അദ്ദേഹം തല കുനിക്കാതെ സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയെന്ന് സുരേഷ് കുറുപ്പ് പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഡി കെ മുരളി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
Story Highlights : Capital punishment statement is a imagination D.K. Murali MLA