ബലാത്സംഗ പരാതിയിൽ മുകേഷിനെതിരെ രൂക്ഷ വിമർശനം ഉയരുമ്പോഴും, സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിനോട് രാജി ഇപ്പോൾ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ചു. എന്നാൽ, നയരൂപീകരണ സമിതി പുനസംഘടിപ്പിക്കുമ്പോൾ മുകേഷിനെ ഒഴിവാക്കാനാണ് തീരുമാനമായിരിക്കുന്നത്.
സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് ഈ നിലപാട്. മുകേഷിന്റെ രാജിയെച്ചൊല്ലി സിപിഐയിലും ഭിന്നത നിലനിൽക്കുന്നുണ്ട്.
പ്രകാശ് ബാബുവും ആനി രാജയും ഉൾപ്പെടെയുള്ള നേതാക്കൾ മുകേഷിന് ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ആവർത്തിക്കുമ്പോഴും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഐയ്ക്ക് തിരുത്തൽ ശക്തിയാകാനാകില്ലെന്ന് തെളിയിക്കുന്നതാണ് സിപിഐഎമ്മിന്റെ ഈ തീരുമാനം.
മുകേഷ് രാജിവയ്ക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെങ്കിലും, നേതൃത്വം വിഷയത്തിൽ തങ്ങളുടെ നിലപാട് മയപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സിപിഐഎമ്മും മുകേഷും രാജിക്കാര്യത്തിൽ തീരുമാനമെടുക്കട്ടേ എന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.
മുകേഷ് വിഷയം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
Story Highlights: CPI(M) decides not to demand Mukesh’s resignation amid rape allegation controversy