കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയേറും. 5.64 ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മൂന്ന് വർഷത്തെ പ്രവർത്തന വിലയിരുത്തലിനൊപ്പം സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാട് രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. ആശ്രാമം മൈതാനിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും.
പതാക, കൊടിമര, ദീപശിഖ ജാഥകൾ നാളെ പൊതുസമ്മേളന വേദിയിൽ സംഗമിക്കും. വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം. സിപിഐഎം പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം സമ്മേളനത്തിന് സമാനമായി നവകേരള കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാണ് ഇത്തവണത്തെ സമ്മേളനത്തിലെയും പ്രധാന ആകർഷണം.
മൂന്ന് വർഷത്തെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. എറണാകുളം സമ്മേളനത്തിലെ തീരുമാനങ്ങളുടെ പ്രായോഗികതയും കൊൽക്കത്ത പ്ലീനം തീരുമാനങ്ങളുടെ നടത്തിപ്പും റിപ്പോർട്ടിൽ വിലയിരുത്തും. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം പരിഗണിക്കും.
ജില്ലാ സമ്മേളനങ്ങളിലേതുപോലെ ചർച്ചകൾ അതിരുവിടാതെ നേതൃത്വം ശ്രദ്ധിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാകും ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന ഭാഗം. കൊല്ലം സമ്മേളനം സിപിഐഎമ്മിന് നിർണായകമാണ്.
Story Highlights: The CPIM state conference commences tomorrow in Kollam, focusing on the future development of Kerala.