**തിരുവനന്തപുരം◾:** തിരുവനന്തപുരം കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. ശ്രീകണ്ഠനെ സി.പി.ഐ.എം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കൂടിയാണ് പുറത്താക്കപ്പെട്ട കെ. ശ്രീകണ്ഠൻ.
സിപിഐഎമ്മിന് തലവേദന സൃഷ്ടിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി രംഗത്ത് വന്നിരുന്നു. ഇതോടെ കെ.ശ്രീകണ്ഠനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും ചർച്ചകൾ ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് കെ.ശ്രീകണ്ഠനെതിരെ സി.പി.ഐ.എം നടപടിയെടുത്തത്. സംഘടനാപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പുറത്താക്കൽ തീരുമാനം സി.പി.ഐ.എം പ്രഖ്യാപിച്ചു.
ഉറപ്പ് നൽകിയിരുന്ന സീറ്റ് നിഷേധിച്ചത് കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രനാണെന്ന് കെ.ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിനെതിരെയും കെ.ശ്രീകണ്ഠൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
വിമതനായി മത്സരിക്കുന്ന കെ.ശ്രീകണ്ഠൻ, പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ മുൻ ബ്യൂറോ ചീഫ് ആയിരുന്നു എന്നത് സി.പി.ഐ.എമ്മിന് വലിയ തിരിച്ചടിയായി. എതിർ പാളയങ്ങളിലെ പ്രശ്നങ്ങൾ വലിയ തോതിൽ ആഘോഷിക്കുന്നതിനിടയിലാണ് സി.പി.ഐ.എമ്മിന് നഗരസഭാ പരിധിയിൽ വിമത ഭീഷണി നേരിടേണ്ടി വന്നത്.
ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു കെ. ശ്രീകണ്ഠൻ. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സി.പി.ഐ.എമ്മിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇവിടെ യു.ഡി.എഫിലെ ജോൺസൺ ജോസഫാണ് പ്രധാന എതിരാളി.
ഉള്ളൂർ റോസ് നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് ശ്രീകണ്ഠൻ. വിമത സ്ഥാനാർഥിയായി അദ്ദേഹം രംഗത്തിറങ്ങിയതോടെ സി.പി.ഐ.എം പ്രതിരോധത്തിലായിരിക്കുകയാണ്.
Story Highlights : CPIM expels rebel candidate from Ulloor



















