സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രി സജി ചെറിയാന് പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി രാജി വെയ്ക്കേണ്ടതില്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. തുടർ നടപടികൾക്കായി നിയമോപദേശം തേടാനും തീരുമാനിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. എന്നാൽ കോടതിയുടെ അന്തിമ വിധിയല്ലെന്നും രാജി വയ്ക്കില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്.
സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മൊഴിയെടുക്കുന്നതിൽ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതിൽ മജിസ്ട്രേറ്റിനും വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തകരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോർട്ട് സുതാര്യമല്ലെന്നും സിസിടിവി ദൃശ്യങ്ങളും പെൻഡ്രൈവും പരിശോധിക്കാതെയാണ് അന്തിമ റിപ്പോർട്ടെന്നും കോടതി വിമർശിച്ചു.
Story Highlights: CPIM state secretariat decides Minister Saji Cheriyan need not resign over controversial speech, seeks legal advice