സിപിഐ സംസ്ഥാന കൗണ്സില് യോഗത്തില് പൊട്ടിത്തെറി ഉണ്ടായി. പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് കെ ഇ ഇസ്മായിലിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായി വിമര്‍ശിച്ചു. വിഭാഗീയത വീണ്ടും പ്രതിഷ്ഠിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ ചന്ദ്രപ്പന് സംസ്ഥാന സെക്രട്ടറിയായി വന്ന കാലം മുതലേ കെ ഇ ഇസ്മായില് വിമത ശബ്ദം ഉയര്ത്തി തുടങ്ങിയതാണെന്നും സുരേഷ് രാജ് ചൂണ്ടിക്കാട്ടി.
കെ ഇ ഇസ്മായില് പാര്ട്ടി ചട്ടക്കൂടില് നില്ക്കണമെന്നും ജില്ല കമ്മിറ്റിക്ക് വിധേയമായി പ്രവര്ത്തിക്കണമെന്നും സുരേഷ് രാജ് ആവശ്യപ്പെട്ടു. ഇസ്മായിലിനെതിരായ പരാതി ഉള്പ്പെടെ ചര്ച്ച ചെയ്യാന് സംസ്ഥാന കൗണ്സില് നിര്ത്തിവെച്ച്, ദേശീയ സെക്രട്ടറി ഡി രാജയുടെ സാന്നിധ്യത്തില് എക്സിക്യൂട്ടീവ് യോഗം ചേര്ന്നു.
അതേസമയം, കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില് ദേശീയ നേതാക്കള് അഭിപ്രായം പറയുന്നതില് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ദേശീയ നേതാക്കള് അഭിപ്രായം പറയേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൗണ്സിലില് ബിനോയ് വിശ്വം വ്യക്തമാക്കി.
Story Highlights: CPI state council meeting erupts in controversy as K P Suresh Raj criticizes K E Ismail and state leadership