**മധുര (തമിഴ്നാട്)◾:** സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന ഭരണമാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ അടിത്തറ വിപുലീകരിക്കുന്നതിന് ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിലെ മറ്റ് സമ്മേളന വിവരങ്ങൾ പിബി അംഗങ്ങൾ പങ്കുവയ്ക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇതാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും.
പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിലും ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയിൽ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാകും രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിക്കുക. കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങൾ കരുത്തു പകരുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
Story Highlights: E P Jayarajan stated that the policy formulation at the CPI(M) Madurai Party Congress will strengthen the Kerala government.