ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ കാൻവാർ യാത്രാ പാതയോരത്തുള്ള പള്ളിയും ഖബർസ്ഥാനും വലിയ കർട്ടൻ കൊണ്ട് മറച്ചുവെയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത് വിവാദമായി. ആര്യനഗറിലെ ഇസ്ലാംനഗർ പള്ളിയും അതിനോട് ചേർന്നുള്ള ഖബർസ്ഥാനുമാണ് ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് സ്ഥാപിച്ച വലിയ കർട്ടൻ കൊണ്ട് മറച്ചത്. എന്നാൽ വിവാദമായതോടെ പള്ളിയും ഖബർസ്ഥാനും മറച്ചുവെച്ച തുണി അഴിച്ചുമാറ്റി.
സംഘർഷം ഒഴിവാക്കാനും കാൻവാർ യാത്ര സമാധാനപരമായി നടത്താനുമാണ് ഇത്തരമൊരു നടപടിയെന്ന് സംസ്ഥാന ടൂറിസം മന്ത്രി സത്പാൽ മഹാരാജ് വിശദീകരിച്ചു. എന്നാൽ ഈ നടപടിക്കെതിരെ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളുമെല്ലാം ഉൾക്കൊള്ളുന്ന പാത ഇന്ത്യയുടെ പ്രതീകമാണെന്നും കാൻവാർ യാത്രക്കാർ ഇത്ര സങ്കുചിത മനോഭാവക്കാരാണോയെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തോട് പള്ളിക്കമ്മിറ്റിയും എതിർപ്പ് അറിയിച്ചു. കർട്ടൻ സ്ഥാപിച്ചത് തങ്ങളെ അറിയിച്ചില്ലെന്നും കഴിഞ്ഞ 40 വർഷത്തിനിടെ കാൻവാർ യാത്രയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും പള്ളിക്കമ്മിറ്റി ഭാരവാഹി അൻവർ അലി പ്രതികരിച്ചു. ഹോട്ടലുകളിലെ നെയിംബോർഡ് വിവാദം രാജ്യമാകെ ചർച്ചയായതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്.