**ഉത്തരാഖണ്ഡ്◾:** ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് തടസ്സമുണ്ടാക്കുന്നു. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
ഗംഗോത്രി ദേശീയപാതയിൽ ഭട്ട് വാഡിക്ക് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗതാഗതയോഗ്യമാക്കിയ ഭാഗത്താണ് കൂറ്റൻ പാറക്കല്ല് വീണത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ ഗതാഗത തടസ്സം വീണ്ടും ഉണ്ടായി. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ധരാലിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്ന് ഇപ്പോഴും പറയാൻ കഴിയില്ലെന്ന് ദുരന്തത്തെക്കുറിച്ച് ആദ്യമായി വിവരം പുറംലോകത്തെ അറിയിച്ച രാജേഷ് റാവത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബൈലി പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനിടെ വഴിയിൽ വീണ്ടും തടസ്സമുണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ട്രക്കുകൾ ഉൾപ്പെടെ ഈ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്.
മേഘവിസ്ഫോടനത്തിന് പിന്നാലെ ഗീർ ഗംഗാ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ധരാലി ഗ്രാമം ഒലിച്ചുപോയിരുന്നു. അൻപതിൽ അധികം വീടുകളും, റസ്റ്റോറന്റുകളും തകർന്നു.
ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയെന്നും, ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Story Highlights: ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയപാതയിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.