പഹൽഗാം ആക്രമണത്തിന് ശേഷം സർവകക്ഷിയോഗത്തിൽ പങ്കെടുക്കാതെ ബിഹാറിൽ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് പോസ്റ്റർ പങ്കുവച്ചിരുന്നു. ഈ പോസ്റ്റർ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി ഉയർത്തിയതിനെ തുടർന്ന് പിൻവലിക്കുകയും പാർട്ടി വർക്കിംഗ് കമ്മിറ്റി സ്വീകരിച്ച നിലപാട് എല്ലാവരും പിന്തുടരണമെന്നും ഹൈക്കമാൻഡ് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ കോൺഗ്രസിന്റെ നിലപാട് പാകിസ്ഥാന്റേതുമായി സാമ്യമുള്ളതാണെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.
പാർട്ടി നേതൃത്വവുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് പോസ്റ്റർ പുറത്തുവന്നതെന്നാണ് സൂചന. പോസ്റ്റർ ജനങ്ങൾക്കിടയിൽ വിപരീത ഫലമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. സമൂഹമാധ്യമങ്ങളുടെ ചുമതലയുള്ള സുപ്രിയ ശ്രീനാഥിനോടും ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചതായാണ് വിവരം.
കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പ്രധാനമന്ത്രിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് ഉപയോഗിച്ചത്. “കാണാനില്ല” എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ഈ പോസ്റ്റ് പാകിസ്ഥാനിലെ പലരും ഏറ്റെടുത്തതോടെ കോൺഗ്രസ് അപകടം മണത്തു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പ്രധാനമന്ത്രി ഡൽഹിയിലുണ്ടെന്ന് തനിക്ക് അറിയാമെന്ന് പോസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. ബിജെപി നേതാക്കൾക്കു പുറമേ നിരവധി പേർ കോൺഗ്രസിനെതിരെ വിമർശനവുമായെത്തി.
പോസ്റ്റർ പിൻവലിച്ചതിനു ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി നേതാക്കൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ചേർന്ന വർക്കിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിനപ്പുറം പ്രതികരണങ്ങൾ പാടില്ലെന്നായിരുന്നു നിർദ്ദേശം.
Story Highlights: Congress removed a controversial social media post mocking Prime Minister Modi after facing internal dissent and criticism from other parties.