വൈദ്യുതി നിരക്ക് വർധനവിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. ഇന്ന് രാത്രി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സർക്കാർ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനോടകം തന്നെ എറണാകുളം പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് ജില്ലാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഈ വർധനവ് ബാധകമാണ്. കെഎസ്ഇബി ആവശ്യപ്പെട്ടിരുന്ന 34 പൈസ വർധനവിന് പകരം 10 മുതൽ 20 പൈസ വരെ വർധിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശം. അടുത്ത വർഷം യൂണിറ്റിന് 12 പൈസ വീതം കൂടി വർധിപ്പിക്കാനാണ് തീരുമാനം.
Story Highlights: Congress to organize state-wide protest against electricity charge hike