കേന്ദ്ര ബജറ്റിലെ തൊഴിൽ പദ്ധതികൾ തങ്ങളുടെ വാഗ്ദാനങ്ങളുടെ പകർപ്പെന്ന് കോൺഗ്രസ്

Anjana

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച നിർദ്ദേശങ്ങൾ തങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നിന്നും കടമെടുത്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. യുവാക്കൾക്കുള്ള ഇന്റേൺഷിപ് പദ്ധതി, കോർപ്പറേറ്റ് കമ്പനികൾക്ക് തൊഴിൽ അനുബന്ധ നികുതിയിളവുകൾ, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, എയ്ഞ്ചൽ ടാക്സ് തുടങ്ങിയ നിർദേശങ്ങൾ തങ്ങളുടെ പ്രകടന പത്രികയിൽ നിന്ന് ധനമന്ത്രി കടമെടുത്തതാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

രാജ്യത്തെ ഒരു കോടിയോളം വരുന്ന യുവാക്കൾക്ക് 500 ഓളം പ്രധാന കമ്പനികളിൽ ഒരു വർഷം ഇന്റേൺഷിപ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതി തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. അപ്രന്റീസ്ഷിപ് നിയമം കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പറഞ്ഞിരുന്നതായും, ഇത് കേന്ദ്ര ബജറ്റിൽ മുഖം മാറി ഇന്റേൺഷിപ് പദ്ധതിയായി മാറിയതാണെന്നും കോൺഗ്രസ് വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ച മൂന്നു പദ്ധതികൾ കോൺഗ്രസിന്റെ വാഗ്ദാനങ്ങളുമായി സാമ്യമുള്ളതാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. എല്ലാ സെക്ടറുകളിലും പുതുതായി ജോലിക്ക് ചേരുന്നവർക്ക് ആദ്യത്തെ മാസത്തെ ശമ്പളം നൽകുമെന്ന പ്രഖ്യാപനം, മാനുഫാക്ചറിംഗ് സെക്ടറിൽ തൊഴിൽ പരിചയമില്ലാത്തവരെ നിയമിക്കുന്ന കമ്പനികൾക്കുള്ള ഇപിഎഫ്ഒ വിഹിതം, കുറഞ്ഞ വരുമാനമുള്ള തൊഴിലുകൾക്ക് കമ്പനികൾക്ക് നൽകുന്ന ആനുകൂല്യം എന്നിവയാണ് ഈ പദ്ധതികൾ. ഇവയെല്ലാം തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പകർപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചു.