**കോഴിക്കോട്◾:** തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. അഴിയൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു.
മുൻ പഞ്ചായത്ത് അംഗം കെ.പി ജയകുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നതാണ് പുതിയ സംഭവം. അദ്ദേഹത്തെ ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇതോടെ അഴിയൂരിലെ കോൺഗ്രസ് പാർട്ടിക്ക് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിരുന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോളത്തെ രാജി.
ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നിരുന്നു. ഇവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടത്. ഇരുവരെയും ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിയൂരിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ അതൃപ്തിയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
Story Highlights: കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു.



















