ഉത്തർപ്രദേശിലെ വാരാണസിയിൽ സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ വ്യക്തിയെ കോൺഗ്രസ് വനിതാ നേതാവ് വീട്ടിലെത്തി തല്ലിയ സംഭവം വാർത്തയായി. ലാൽപൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.
യു. പിയിൽ നിന്നുള്ള കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് സാഫ്രോൺ രാജേഷ് സിങ് എന്ന സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയെ ആക്രമിച്ചത്.
സ്ത്രീകളടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുമൊത്താണ് റോഷ്നി രാജേഷിന്റെ വീട്ടിലെത്തിയത്. ഭാര്യയുടെയും മകളുടെയും മുന്നിൽവച്ചാണ് റോഷ്നി രാജേഷിനെ കൈകാര്യം ചെയ്തത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച റോഷ്നി, നാലു വർഷത്തിലേറെയായി രാജേഷ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശങ്ങൾ നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
രാജേഷിന്റെ സ്വഭാവം കുടുംബാംഗങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് വീട്ടിലെത്തിയതെന്നും അവർ വ്യക്തമാക്കി. എന്നാൽ, രാജേഷിന്റെ ഭാര്യയും മകളും അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
Story Highlights: Congress leader thrashes man for alleged rape threats on social media in Varanasi