ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യപ്രതിയും MS സൊല്യൂഷൻസ് CEOയുമായ മുഹമ്മദ് ഷുഹൈബിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഷുഹൈബ് കീഴടങ്ങിയത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ്, പ്ലസ് വൺ ചോദ്യപേപ്പറുകൾ ചോർന്നത്. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് MS സൊല്യൂഷൻസിലെ അധ്യാപകനും മുൻ മഅ്ദിൻ സ്കൂൾ പ്രധാന അധ്യാപകനുമായ ഫഹദിന് വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. ഈ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചത്. ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും പിന്നിൽ പ്രമുഖ ട്യൂഷൻ സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചിരുന്നു.
റിമാൻഡിലായ അബ്ദുൽ നാസറിനെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫഹദിനും ജിഷ്ണുവിനും കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഷുഹൈബിന്റെ അറസ്റ്റോടെ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി.
Story Highlights: CEO of MS Solutions, Muhammed Shuhaib, arrested in Christmas exam paper leak case.