ഇടുക്കിയിലെ ചിന്നക്കനാൽ പഞ്ചായത്തിൽ ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സസ്പെൻഡ് ചെയ്തു. ഈ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2023-ൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിലായി ചട്ടം ലംഘിച്ച് നിർമ്മിച്ച 57 കെട്ടിടങ്ങൾക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനവും അനുവദിക്കരുതെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു.
എന്നാൽ ഇത് മറികടന്നാണ് ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി 7 കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ അനധികൃത ഇടപെടൽ വാർത്തയായതിന് പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, അച്ചടക്കലംഘനം, അധികാര ദുർവിനിയോഗം എന്നിവ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചു. തുടർന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ വിഷയത്തിൽ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
Story Highlights: Chinnakanal Panchayat Secretary suspended for granting permission to 7 buildings against High Court order