ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകൾ മിഷ്മയുടെ മൊഴിയെ തുടർന്ന് അന്വേഷണത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ഫെബ്രുവരി 8-നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി മരിച്ചത്. ഭർത്താവ് സോണി മർദ്ദിച്ച ശേഷം മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് മകളുടെ മൊഴി. ഈ മൊഴിയെത്തുടർന്ന് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തു.
സജിയെ ജനുവരി 8-ന് സ്റ്റെയർകേസിൽ നിന്ന് വീണെന്ന് പറഞ്ഞാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ മുറിവ് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു മാസത്തോളം കോമ സ്റ്റേജിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 8-ന് മരണപ്പെട്ടു. തുടർന്ന് ചേർത്തല സെന്റ് മേരിസ് ഫെറോന പള്ളിയിൽ ഞായറാഴ്ച സംസ്കാരവും നടത്തി.
സജിയുടെ മരണം കൊലപാതകമാണെന്ന് മകൾ മിഷ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നുപോകുമ്പോഴും ഭർത്താവ് സോണി ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. സോണി നിരന്തരം സജിയെ മർദ്ദിച്ചിരുന്നതായി അയൽവാസികളും സ്ഥിരീകരിച്ചു.
മകളുടെ പരാതിയെ തുടർന്ന് പോലീസ് സോണിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പുറത്തെടുത്തതും ഇൻക്വസ്റ്റ് നടപടികളും മകൾ മിഷ്മയുടെ സാന്നിധ്യത്തിലായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: A woman’s death in Cherthala, initially thought to be accidental, turns into a murder investigation after her daughter’s testimony against her father.