ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂര് ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അര്ജുന് പാണ്ഡ്യന് അറിയിച്ചു. നാളെ (നവംബര് 13) രാവിലെ ഏഴ് മുതല് വൈകീട്ട് ആറുവരെയാണ് പോളിങ് നടക്കുക. മണ്ഡലത്തില് ആകെ 2,13,103 വോട്ടര്മാരാണുള്ളത്. ഇതില് 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാന്സ്ജെന്ഡര് വിഭാഗക്കാരും ഉള്പ്പെടുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം 10,143 പുതിയ വോട്ടര്മാര് പേര് ചേര്‍ത്തിട്ടുണ്ട്.
മണ്ഡലത്തിലെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി ഗവ. ഹയര് സെക്കണ്ടറി സ്കൂള് ചെറുതുരുത്തി നിശ്ചയിച്ചിരിക്കുന്നു. പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്, സര്ക്കാര് അര്ദ്ധ സര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള് എന്നിവയ്ക്ക് ഇന്നുകൂടി (നവംബര് 12) ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിനമായ നവംബര് 13 ന് മണ്ഡലത്തിലെ എല്ലാ സര്ക്കാര്, അര്ധ സര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള് എന്നിവയ്ക്ക് വേതനത്തോടെ പൊതു അവധി സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലത്തില് 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്വര്മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകള് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്പ്പടെയുളള മുഴുവന് ദൃശ്യങ്ങളും ചിത്രീകരിക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്, എന്നാല് അവസാന നിമിഷം വരെ ചൂടേറിയ രാഷ്ട്രീയ ചര്ച്ചയാണ് ചേലക്കരയില് പ്രതീക്ഷിക്കുന്നത്.
Story Highlights: Chelakkara assembly constituency in Thrissur district ready for by-election with 2,13,103 voters