പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; 150 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

Anjana

Prajwal Revanna sexual abuse case

ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗിക പീഡന കേസില്‍ 2144 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) ബെംഗളൂരുവിലെ പ്രത്യേക പീപ്പിള്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 150 സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ചാര്‍ജ്ഷീറ്റില്‍ പറയുന്നത്.

സ്‌പോട്ട് ഇന്‍സ്‌പെക്ഷന്‍, ബയോളജിക്കല്‍, ഫിസിക്കല്‍, സയന്റിഫിക്, മൊബൈല്‍, ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ എന്നിവ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്‍പ് വിദഗ്ദാഭിപ്രായം തേടിയിരുന്നതായും എസ്‌ഐടി വ്യക്തമാക്കി. ലൈംഗികാതിക്രമവും പീഡനവും ഉള്‍പ്പെടെയുള്ള നാല് കേസുകളാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി അന്വേഷിക്കുന്നത്. ജൂണിലാണ് മുന്‍ ഹസന്‍ എംപി കൂടിയായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

56 സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് വിധേയരായതെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നത്. 2019നും 2021നുമിടയിലുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 3,000ത്തോളം വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും മറ്റ് രേഖകളും പരിശോധിക്കാന്‍ ഫോറന്‍സിക് ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകളാണ് എസ്‌ഐടി ഉപയോഗിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രേവണ്ണ സ്ഥാനാര്‍ത്ഥിയായിരുന്ന ഹസന്‍ മണ്ഡലത്തില്‍ രേവണ്ണ പകര്‍ത്തിയ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് ലൈംഗികാതിക്രമ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

Story Highlights: Karnataka CID files 2144-page chargesheet against JD(S) leader Prajwal Revanna in sexual abuse case

Leave a Comment