ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കവർച്ചയ്ക്ക് ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ഷൂസിന്റെ നിറവും ഹെൽമെറ്റുമായിരുന്നു. ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെയാണ് റിമാൻഡ് ചെയ്തത്.
പ്രതിയുമായി പൊലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് കടം വീട്ടാനായി നൽകിയ മൂന്ന് ലക്ഷത്തോളം രൂപ കണ്ടെടുത്തു. കവർച്ച നടന്ന പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലും തെളിവെടുപ്പ് നടത്തി.
തിങ്കളാഴ്ച വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപയും, ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താൻ ഉപയോഗിച്ച കത്തിയും, കവർച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി. തന്നിലേക്ക് എത്താൻ ഒരു തെളിവും ബാക്കിയില്ലെന്ന് കരുതിയ പ്രതിയെ ശ്രദ്ധാപൂർവമായ നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ ആശാരിപ്പാറയിലെ വീട്ടിൽ നിന്നാണ് റിജോ ആന്റണി പിടിയിലായത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കാണെന്ന പ്രതീതി പൊലീസ് ജനിപ്പിച്ചതും പ്രതിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. കവർച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു.
പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെയാണ് അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചത്. കവർച്ചയ്ക്ക് ശേഷം പ്രതി പല സ്ഥലങ്ങളിലായി മാറി മാറി വേഷവിധാനങ്ങൾ ധരിച്ചിരുന്നു.
Story Highlights: The accused in the Chalakudy Potta bank robbery case, Rijo Antony, has been remanded for 14 days.