കാനഡയുടെ പുതിയ നയം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം അവസാനിപ്പിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മോഹങ്ങൾക്ക് തടയിട്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളായി നിൽക്കുന്ന സമയത്താണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികൾ പൂർത്തിയാക്കുന്ന പ്രത്യേകതയായിരുന്നു ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായത്തിന്റെ. 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിനായി അവതരിപ്പിച്ച ഈ പദ്ധതി കാനഡയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രയോജനം ചെയ്തിരുന്നു. 2023ൽ മാത്രം 200,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഈ വിസയിൽ കാനഡയിൽ എത്തിയിരുന്നു.
അന്താരാഷ്ട്ര വിദ്യാര്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന് സര്ക്കാര് അറിയിച്ചത്. ഇതിനൊപ്പം 10 വര്ഷം കാലാവധിയുള്ള മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്ത്തലാക്കിയിട്ടുണ്ട്. ഇന്ത്യയില് നിന്നുള്പ്പെടെയുള്ള വിനോദസഞ്ചാരികള്ക്കു തിരിച്ചടിയാണു കനേഡിയൻ സർക്കാറിന്റെ പുതിയ നീക്കം. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് ഇന്ത്യൻ സർക്കാറിനെ ട്രൂഡോ സർക്കാർ കുറ്റപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്.
Story Highlights: Canada ends fast-track visa program for international students, impacting thousands of Indian students amid diplomatic tensions with India.