പേരാമ്പ്ര: കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ തൊഴിലന്വേഷകരെ കുടുക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കുന്ന തെക്കേ മലയിൽ അനുരാഗ് (25) ആണ് പിടിയിലായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് സംഘം നിരവധി പേരെ വലയിലാക്കിയത്.
പേരാമ്പ്ര കൂത്താളി സ്വദേശി അബിൻ ബാബു (25), കുന്നുമ്മൽ രാജീവൻ (46) എന്നിവരടക്കം പേരാമ്പ്ര-വടകര മേഖലയിൽ നിന്ന് നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പു സംഘത്തിൽ നിന്നും ദിവസങ്ങളോളം ക്രൂര മർദ്ദനമുൾപ്പെടെ ഇരകൾക്ക് അനുഭവിക്കേണ്ടി വന്നു. കൂത്താളി പനക്കാട് മാമ്പള്ളി അബിൻ ബാബുവും വടകര മണിയൂർ സ്വദേശികളായ അഞ്ചുപേരും ഒരു എടപ്പാൾ സ്വദേശിയും ബംഗളൂരുവിലുള്ള ഒരു യുവാവും സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും രാജീവൻ ഉൾപ്പെടെ പലരും ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുകയാണ്.
കഴിഞ്ഞ ഒന്നര വർഷമായി കംബോഡിയയിൽ ആയിരുന്ന അനുരാഗ് നെടുമ്പാശ്ശേരി എയർപോർട്ട് വഴി നാട്ടിലേക്ക് വരുന്ന വഴിക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പേരിൽ പേരാമ്പ്രയിലെ കേസിന് പുറമേ വടകര പൊലീസിൽ 4 കേസുകളും, പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളിൽ ഓരോ കേസുകളും നിലവിലുണ്ട്. മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Main accused in Cambodia online job scam arrested in Kerala