വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി അടിയന്തര മന്ത്രിസഭാ യോഗം ചേരും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും നടക്കും. തുടർന്ന് മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തുകയും നാളെയോടെ സ്ഥിതിഗതികൾ വിലയിരുത്താൻ വയനാട്ടിൽ എത്തുകയും ചെയ്യും.
പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. സമയബന്ധിതമായ രക്ഷാപ്രവർത്തനം, ദുരന്തത്തിന്റെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം, മേഖലയിലെ പുനർനിർമാണത്തിന് ധനസഹായം തുടങ്ങിയ ആവശ്യങ്ങളാകും അടിയന്തരപ്രമേയം വഴി സഭയിൽ ഉന്നയിക്കുക. കേന്ദ്രസർക്കാർ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും എന്ന നിലപാട് ആവർത്തിച്ചു.
അതിനിടെ വയനാട്ടിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം മഞ്ചേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് 7.30ഓടെയാണ് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചത്. മന്ത്രിയെയും ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Kerala cabinet meeting to address Wayanad landslide disaster and relief efforts
Image Credit: twentyfournews