പഞ്ചാബ് അതിർത്തിയിൽ അഞ്ചു ദിവസം മുൻപ് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ ഇനിയും വിട്ടയച്ചിട്ടില്ല. പി കെ ഷാ എന്ന ബിഎസ്എഫ് കോൺസ്റ്റബിളിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതർ ജവാന്റെ കുടുംബത്തെ അറിയിച്ചു. ജവാന്റെ ഭാര്യയും മാതാപിതാക്കളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ കുടുംബാംഗങ്ങളെ ബിഎസ്എഫ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു സാന്ത്വനിപ്പിച്ചു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് പി കെ ഷാ. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നതാണ് പിടിയിലാകാൻ കാരണമെന്നാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിക്കുമെന്ന് ജവാന്റെ മാതാപിതാക്കൾ പറഞ്ഞു. പഞ്ചാബിലെത്തി ഉന്നത ഉദ്യോഗസ്ഥരെ കാണുമെന്ന് ജവാന്റെ ഭാര്യയും അറിയിച്ചു. തിരിച്ചുവരവിന് സാധ്യമായതെല്ലാം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ജവാന്റെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ കുടുംബം ആശങ്കയിലാണ്. പാകിസ്ഥാൻ റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
Story Highlights: A BSF jawan, mistakenly crossed the Line of Control, has been in Pakistani custody for five days, and his family is pleading with the government for his return.