ഹൊറര് സാഹിത്യത്തിലെ അതുല്യ സൃഷ്ടിയായ ഡ്രാക്കുളയുടെ രചയിതാവ് ബ്രാം സ്റ്റോക്കറിന്റെ മറ്റൊരു പ്രേതകഥ 134 വര്ഷങ്ങള്ക്ക് ശേഷം വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബെറ്റ് ഹില്’ എന്ന പേരിലുള്ള ഈ ചെറുകഥ അയര്ലന്ഡിലെ നാഷണല് ലൈബ്രറിയില് നിന്നാണ് കണ്ടെത്തിയത്. ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനുമായ ബ്രയാന് ക്ലിയറിയാണ് ഈ അപൂര്വ്വ കണ്ടെത്തലിന് പിന്നില്.
1890-ല് ഡെയിലി മെയില് പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ‘ഗിബെറ്റ് ഹില്’ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരു നാവികനെ മൂന്നുപേര് ചേര്ന്ന് കൊന്ന് കഴുമരത്തില് കെട്ടിത്തൂക്കിയ കഥയാണ് ഇതില് പറയുന്നത്. ഡ്രാക്കുളയിലേക്കുള്ള കഥാകാരന്റെ സുപ്രധാന ചവിട്ടുപടിയായി ഈ കൃതിയെ ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന് പോള് മുറേ വിലയിരുത്തുന്നു.
ബ്രാം സ്റ്റോക്കറിന്റെ സ്വദേശമായ ഡബ്ലിനില് ജനിച്ചുവളര്ന്ന ബ്രയാന് ക്ലിയറി കുട്ടിക്കാലം മുതലേ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില് ആകൃഷ്ടനായിരുന്നു. 2021-ല് കേള്വിശക്തി നഷ്ടപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്ലണ്ട്സ് നാഷണല് ലൈബ്രറിയില് ഗവേഷണം നടത്തുമ്പോഴാണ് ഈ അപൂര്വ്വ കഥ ക്ലിയറി കണ്ടെത്തിയത്. ഒക്ടോബര് 28-ന് ഡബ്ലിനില് നടക്കുന്ന ബ്രാംസ്റ്റോക്കര് ഫെസ്റ്റിവലില് പ്രകാശനം ചെയ്യുന്ന പുസ്തകത്തില് ‘ഗിബെറ്റ് ഹില്’ പുനഃപ്രസിദ്ധീകരിക്കും.
Story Highlights: Dracula author Bram Stoker’s lost horror story ‘Gibet Hill’ discovered after 134 years