നടി ഹണി റോസിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ വൈദ്യപരിശോധന പൂർത്തിയായി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മോശമായ കാര്യം താൻ പറഞ്ഞിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ ആവർത്തിച്ചു.
വയനാട്ടിലെ മേപ്പാടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബിയെ കസ്റ്റഡിയിലെടുത്തത് എന്ന് വയനാട് എസ്പി തപോഷ് ബസുമതാരി വ്യക്തമാക്കി. തുടർന്ന് ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തൽ, അത്തരം പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഐ ഫോൺ ഫോറൻസിക് വിഭാഗം പരിശോധിക്കും.
മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് ഓപ്പൺ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ന് സ്റ്റേഷനിൽ തുടരും.
കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അനുമതി പോലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് വിവരം. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ രാത്രിയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്.
Story Highlights: Boby Chemmanur, arrested for sexual harassment allegations by actress Honey Rose, has completed his medical examination.