ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ നടി ഹണി റോസിന്റെ രഹസ്യമൊഴി നിർണായകമായെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച രേഖകൾ ശക്തമാണെന്നും ഡിസിപി അറിയിച്ചു. ചോദ്യം ചെയ്യലിൽ ബോബി ചെമ്മണ്ണൂർ കുറ്റങ്ങൾ സമ്മതിച്ചിട്ടില്ലെന്നും ആരാധകരുടെ പ്രതിഷേധത്തിന്റെ കാരണം വ്യക്തമല്ലെന്നും ഡിസിപി പറഞ്ഞു.
ഹണി റോസിനെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ബോബി ചെമ്മണ്ണൂർ നിലവിൽ റിമാൻഡിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പരാതിയിലും മൊഴികളിലും എല്ലാം വ്യക്തമാണെന്ന് ഡിസിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മാത്രമാണ് നടന്നതെന്നും ആദ്യം സമർപ്പിച്ച കേസുകൾ പ്രത്യേകം പരിഗണിക്കുമെന്നും ഡിസിപി അറിയിച്ചു. കസ്റ്റഡിയിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും.
ബോബി ചെമ്മണ്ണൂരിനു വേണ്ടി പ്രമുഖ അഭിഭാഷകനായ ബി രാമൻ പിള്ളയാണ് ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ടാണിതെന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നും രാമൻ പിള്ള കോടതിയിൽ വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ പ്രോസിക്യൂഷൻ ഈ വാദങ്ങളെ നിഷ്പ്രഭമാക്കി. ജാമ്യം നൽകിയാൽ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സൈബർ ഇടത്തിൽ അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കോടതിയും നിരീക്ഷിച്ചു.
Story Highlights: Honey Rose’s statement is crucial in the Boby Chemmanur case, says Kochi DCP Aswathy Gigi.